2017, ഡിസംബർ 12, ചൊവ്വാഴ്ച

ഡിസംബർ... നീയെന്റെ പനിക്കിടക്ക മറക്കാതെ വീണ്ടും വിരിച്ചു !
നീല നിറമുള്ള ചുവരുകളുള്ള മുറി... മഞ്ഞ നിറം വച്ച മനസ്സ് ! കൊതുകിന്റെ മൂളൽ. മടുക്കാതെ ആണ്ടുമുങ്ങുന്ന ഏകാന്തത ! എല്ലാം പഴയപടി തന്നെ.
പഴയവ ചിലതു കൂടിയുണ്ട്, നീയെനിക്കു മറക്കാതെ കൊണ്ടുവരേണ്ടത്.
മഞ്ഞു കണങ്ങൾ ചുംബിച്ചു നിൽക്കുന്ന ഈശോപുല്ലുകൾ നിറഞ്ഞ പ്രഭാതങ്ങൾ !
അവ്യക്ത സുന്ദരങ്ങളായ മഞ്ഞാടമറയ്ക്കപ്പുറമുള്ള മോഹക്കാഴ്ചകൾ !
നിലാവു പുഷ്പിക്കുന്ന കാട്ടുമരങ്ങളുടെ ചുവപ്പും മഞ്ഞയും !
തീക്ഷ്ണ നിശ്ശബ്ദമായ മധ്യാഹ്നങ്ങളുടെ വിരസത !
പാലപ്പൂമണം മത്തു പിടിപ്പിക്കുന്ന മുഗ്ദ്ധ സന്ധ്യകൾ !
കേൾവിയുടെ തുടക്കത്തിൽ പാദങ്ങളിൽ ചെറു താളമായി ഉണർന്ന് ഉടലാകെ പൂത്തു നിറയുന്ന കഥകളി രാവുകൾ !
നളനെയും അര്ജുനനെയും പ്രണയിക്കുന്ന പഴയ ആ കൗമാര മനസ്സും !

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

മകളെ പെണ്ണുചോദിക്കുമ്പോൾ...
--------------------------------------------------

അവളുടെ പാൽക്കുപ്പി തിളപ്പിച്ചെടുക്കാൻ താൻ മറന്നോ,എന്ന് ആകുലപ്പെട്ടത്, ഇക്കഴിഞ്ഞ നാളിലായിരുന്നുവെന്നു തോന്നിപ്പോകുന്നു. അവൾക്കു കൊടുക്കാൻ എടുത്ത പുല്ലു കുറുക്കിനു ചൂട് പാകമോ എന്ന് നോക്കിയ രുചി ഇപ്പോഴുമുണ്ടെന്റെ രസനയിൽ. വൈകുന്നേരമെത്തുന്ന അമ്മയുടെ ഉമ്മ വാങ്ങാനായി തിടുക്കപ്പെട്ടു വെള്ളം തേച്ചു മുഖം വൃത്തിയാക്കുന്ന കുഞ്ഞിക്കൈകൾ !അനിയനെ കാണാൻ ആശുപത്രിക്കിടക്കയിലെത്തിയ അവളെ കെട്ടിപ്പിടിച്ചു താൻ കരഞ്ഞപ്പോൾ അത്ഭുതം കൊണ്ടു മിഴിഞ്ഞ കുഞ്ഞു മുഖം !ഒക്കെയും ഇതാ ഇന്നലെ കഴിഞ്ഞതേയുള്ളൂ. വളർച്ചയുടെ കീഴ്പ്പെടലുകളിൽ, അനുസരണക്കേടിന്റെ ചൂരൽചൂടിൽ, ഒക്കെയും അവളെ മെരുക്കിക്കൊണ്ടു വന്നത് ഇക്കഴിഞ്ഞ നാളുകളിലായിരുന്നുവല്ലോ.
       കൗമാരം കഴിഞ്ഞു....... യൗവ്വനം എത്തി നോക്കുന്നേയുള്ളൂ.... തന്റെ ഉള്ളുകൾ അവളോടുകൂടി പകരാൻ തുടങ്ങിയിട്ടേയുള്ളൂ... മറ്റൊരു അവകാശി !ഇനിയുള്ള കാലം അവളെ ഏറ്റുവാങ്ങുന്ന മറ്റൊരു വീട് !
ഇനിയായിരുന്നു,എനിക്ക് കൂടെയിരുത്തി സ്നേഹിക്കേണ്ടിയിരുന്നത്.... ഇനിയായിരുന്നു.......
വലിയൊരു നിലവിളിയാണെനിക്ക് കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്നത് !

2017, ജൂൺ 21, ബുധനാഴ്‌ച

മഴ തോർന്നൊരു സായാഹ്നത്തിൽ ............
-----------------------=============
   വെറുമൊരു വാക്ക്..... പീറ്റർ വെറുതെ പറഞ്ഞ ഒന്ന്.... പെട്ടെന്നെനിക്കു വല്ലാതെ തോന്നി. മുൻപിലിരുന്ന ഫയലിൽ വെറുതെ നോക്കി കുറച്ചു നേരം ഞാനിരുന്നു. അവൻ അപ്പോഴേക്കും വേറെയെന്തോ ജോലിയിൽ മുഴുകിയിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാനായില്ല. മേശയുടെ വലിപ്പു ഒന്നു വെറുതെ തുറന്നടച്ചു. പെട്ടെന്നെനിക്കു സങ്കടം വന്നു. കരച്ചിൽ വന്ന് തൊണ്ടയിൽ മുട്ടി. അപ്രതീക്ഷിതമായി പുറത്ത് ജനലിനപ്പുറം മഴ പെയ്യാൻ തുടങ്ങി. ഞാൻ കസേര കുറച്ചുകൂടി വലിച്ചു നീക്കിയിട്ടു. മുൻപിലിരുന്ന  ശൂന്യമായ പേപ്പറിൽ ഒന്നു വരച്ചു.----വീണ്ടും വരച്ചു.... അടുത്ത് എന്തോ ഫലിതത്തിന്റെ ബാക്കിയായി ഒരു ചിരിയുയർന്നു. എന്റെ മുമ്പിലുള്ള പേപ്പറിൽ പതിനൊന്നു വശങ്ങളുള്ള ഒരു ജ്യാമിതീയ രൂപമായിരുന്നപ്പോൾ. പതിനൊന്നു വശങ്ങളുള്ളതിനു എന്താ പേർ പറയുക ?പെട്ടെന്ന് പഴയ ഗണിതശാസ്ത്ര ക്ലാസ്സുകൾ ഓർത്തുപോയി. പണിക്കര് സാറായിരുന്നു, ഞങ്ങൾക്കന്ന് ജിയോമെട്രി എടുത്തിരുന്നത്. സാറിന് ശ്വാസകോശത്തിൽ കാൻസറായിരുന്നു. ഞങ്ങൾ പക്ഷേ അതറിഞ്ഞിരുന്നില്ല. വളരെ ചെറിയ ശബ്ദത്തിൽ സാർ ക്ളാസ്സെടുത്തപ്പോൾ പിൻ ബെഞ്ചിലിരുന്നു ആൺകുട്ടികൾ ബഹളമുണ്ടാക്കി. പലപ്പോഴും തുടർന്ന് പറയാനാവാതെ സാർ നിർത്തി. മുൻപും നീണ്ടചുമയുടെ അന്ത്യത്തിൽ സാർ ക്ലാസ്സു നിർത്തി ഇറങ്ങിപ്പോകാറുണ്ടായിരുന്നു. നോട്ടു പറഞ്ഞു തന്നപ്പോൾ 'കേൾക്കാൻ വയ്യാ.. "എന്നു ഞങ്ങൾ ഒച്ചയെടുക്കവേ തിരിഞ്ഞു ബോർഡിലെഴുതാൻ തുടങ്ങിയ സാർ ചോക്കുപൊടി ശ്വസിച്ചു ശബ്ദത്തോടെ ചുമച്ചു. ഏറെ വൈകി സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ്, ഞങ്ങളതറിയുന്നത്.
                      ഇപ്പോൾ പുറത്തു മഴ കനത്തു പെയ്യുകയാണ്. ദൂരെ കുന്നിൻ മുകളിൽ ആകെ നനഞ്ഞുലഞ്ഞു നിൽക്കുന്ന കാറ്റാടിത്തലപ്പ്‌ എനിക്ക് മഴയിലൂടെ കാണാം. താഴെ കറുത്ത പാതയിൽ ശബ്ദമില്ലാതെ മഴസൂചികൾ സ്ഫടികത്തുണ്ടുകൾ പോലെ വീണു തകരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായതിനാൽ ആവശ്യത്തിലധികം വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ ഓരോ തുണിക്കെട്ടുകളായി മഴയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ചെളിവെള്ളം തെറിപ്പിച്ചു കടന്നുപോയ ചുവന്ന ബസ്സ് അഞ്ചുമണിയായെന്നു ഓർമിപ്പിച്ചു  വീണ്ടും എനിക്ക് കരച്ചിൽ വന്നു പീറ്ററിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നു. അവൻ എപ്പോഴോ തന്നെ എഴുന്നേറ്റു പോയിക്കഴിഞ്ഞിരുന്നു.
                  എന്റെ വാടകവീടിന്റെ മുൻപിൽ എപ്പോഴും തിരക്കുള്ള നാട്ടുവഴി ആയതിനാൽ മുൻവശത്തെ വാതിൽ ഞാൻ തുറന്നിടാറില്ലായിരുന്നു. ഭിത്തിയിൽ ഒരു കോളിംഗ് ബെല്ലിന്റെ സ്വിച്ചും ഉണ്ടായിരുന്നില്ല. എന്റെ മുറിയുടെ മരജനാല തുറന്നുവച്ചാൽ എനിക്ക് മുൻവശത്തെ വഴിയുടെ തിരക്കുകൾ കാണാം. അങ്ങകലെ സായന്തനങ്ങളിൽ മാത്രം ചുവന്നു വരുന്ന നീല മലനിരകൾ കാണാം. ശൂന്യതയിലേക്കെന്നവണ്ണം ഒറ്റപ്പെട്ടു  തിളങ്ങുന്നൊരു കുരിശു കാണാം. സമൃദ്ധങ്ങളായ കാറ്റാടിമരത്തലപ്പുകൾ കാണാം.
ആ സായാഹ്നത്തിൽ മഴപെയ്തു തോർന്നുനിൽക്കുമ്പോൾ,പെട്ടെന്നൊരു നിമിഷം  വാതിലിൽ കേട്ട മുട്ട് എന്റെ തോന്നലാണൊന്നു പോലും സംശയിച്ചുപോയി. അടഞ്ഞ വാതിലിനപ്പുറം അത് അവനായിരിക്കുമെന്നു ഞാൻ കരുതിയേയില്ല. അപ്പോൾ കുളിച്ച് മുടിയാകെ വിടർത്തിയിട്ടിരിക്കയായിരുന്നു,ഞാൻ. കണ്ണുകൾ വിടർത്തി അവൻ പറഞ്ഞു,"നിന്നെ ഇങ്ങനെ കണ്ടിട്ട് അതിശയമായിരിക്കുന്നു !" വാതിൽപ്പാളിയിൽ നിന്ന് കയ്യെടുത്തുകൊണ്ടു ഞാൻ പറഞ്ഞു, "കടന്നു വരൂ ".  "നിന്റെ പണികളൊക്കെ കഴിഞ്ഞോ, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു... ",ഞാൻ നിശ്ശബ്ദം അവനെതിരെയിരുന്നു. മഴ കഴിഞ്ഞു സൂര്യൻ പ്രകാശിക്കാൻ തുടങ്ങിയിരുന്നു. സായാഹ്നവെളിച്ചം വാതിൽ കടന്നുവന്ന് ഞങ്ങളുടെ കാൽച്ചുവട്ടിൽ വീഴുന്നു. അവന്റെ കാലിലെ ഷൂവുകൾ പുറത്തഴിച്ചു വച്ചിരുന്നില്ല. എന്റെ നോട്ടം കാലുകളിൽ തടഞ്ഞതുകൊണ്ടാവണം,പെട്ടന്നവൻ പുറത്തു പോയി ചെരുപ്പുകളഴിച്ചുവച്ചു വന്നു. "നീ വീട് വളരെ വൃത്തിയാക്കി സൂക്ഷിക്കുന്നു,അല്ലേ".മുറിയിൽഞാൻ കഴിഞ്ഞ ദിവസം എടുത്തു വച്ച പൂക്കൾ വാടിയിരുന്നു. പിന്നെ ശബ്ദം താഴ്ത്തി രഹസ്യം പോലെ അവൻ ചോദിച്ചു,"നിന്റെ അമ്മയുടെ മുഖം ഓർമയിൽ സൂക്ഷിക്കാനാവുന്നുണ്ടോ,നിനക്ക് ?". ഒരു നിമിഷം,ഓർമകളുടെയും ഓർമക്കേടുകളുടേയും ലോകത്ത് തങ്ങി നിൽക്കാൻ ശ്രമിച്ചു ഞാൻ. അമ്മയ്ക്കു ചുവന്ന കല്ലുകൾ പതിച്ച കമ്മലുകളുണ്ടായിരുന്നു. ഓർമയിൽ എന്റെ വീടിനു നിറയെ പൂത്ത വള്ളികൾ പടർന്ന ഒരു വേലിക്കെട്ടുണ്ടായിരുന്നു. എന്റെ വീടുകൾക്ക് എന്നും വേലികളുണ്ടായിരുന്നു. എന്റെയീ വാടകവീടിന്റെ വേലിയിലും ശംഖുപുഷ്പം പടർന്നു പൂത്തിരിക്കുന്നു !വൈകുന്നേരങ്ങളിൽ തിരിച്ചു വരുമ്പോൾ വെറുതെ ചില കുഞ്ഞു സ്വപ്നങ്ങളുടെ ഓളങ്ങളിൽ മുങ്ങിപ്പൊങ്ങി പോരുക എന്റെ ശീലമായിരുന്നു. അങ്ങിനെയുള്ള എന്റെ സ്വപ്നങ്ങളിൽ ഒരു വീടുണ്ടായിരുന്നു. നിറയെ ചില്ലു ജനാലകളുള്ള പഴയ ഇരുനില വീട് പുഴയുടെ കരയിലായിരുന്നു !മുറ്റത്തു പടർന്നുനിന്ന മാവിനു ചുറ്റി ആ വീടിനുപോലും ഒരു വേലിയുണ്ടായിരുന്നു !.വേനലിന്റെ ചൂടിൽ മാവിന്റെ മറവിൽ പുഴയോരക്കാറ്റേറ്റ്......മഞ്ഞിന്റെ ഈർപ്പം മുറ്റുന്ന പ്രഭാതങ്ങളിൽ മുകളിലത്തെ വരാന്തയിലെ ചില്ലു ജാലകങ്ങളിൽ മുഖം ചേർത്ത്......
എപ്പോഴും സ്വപ്‌നങ്ങൾ പൂർത്തിയാകുംമുന്പെനിക്കു വീടെത്തുന്നു !
പീറ്ററെന്നോടു യാത്ര പറയുമ്പോൾ മാത്രമാണ് ഇരുളാൻ തുടങ്ങിയ വെളിച്ചത്തെ പറ്റി ഞാൻ ബോധവതിയായത്. വേലിക്കെട്ടിലെ ചെറിയ വാതിൽ തുറന്ന് വളവിനപ്പുറം അവൻ മറയുംവരെ ഞാൻ നോക്കിനിന്നു. പെട്ടെന്ന് മഴ വീണ്ടും തുടങ്ങുകയും ഞാൻ വാതിലടക്കുകയും ചെയ്തു.


2017, ജൂൺ 15, വ്യാഴാഴ്‌ച

പഴയൊരു മഴക്കാലം
--------------------------------

കുളത്തിൽ നിറയുന്ന പുതുവെള്ളത്തിൽ ത വളച്ചാട്ടങ്ങൾക്കിടയിലെ മുട്ടമാലകളിൽ കടുകുമണിപ്രതീക്ഷകൾ !
രാത്രിയിലെ കാറ്റത്ത് അടർന്നുവീണ പ്ലാവിൻ തലർപ്പിൽ ആട്ടിൻകുട്ടിയുടെ നാവ് മധുരം ചേരുന്നു !
പാടത്തെ ഇളംപച്ച പുല്ലിൻ സമൃദ്ധിയിൽ കുട്ടിക്കിടാവിന്റെ കൌതുകം നിറഞ്ഞ കണ്ണുകളും കരകര നാവിന്റെ വിശപ്പും ചേരുന്നു !,മഴസമൃദ്ധിയിൽ രൂപപ്പെട്ട കുഞ്ഞൻ തോട്ടിലെ തെളിവെള്ളത്തിൽ കഴുകിവാരുന്ന പുല്ലിൻ കടയിലെ മണ്ണ് ഒലിച്ചകന്നു.ചിറകെട്ടി നിർത്തുന്ന തെളിനീരൊഴുക്കിൽ പുന്നെല്ലരിച്ചോറു പോലെ ശുദ്ധമായ മണൽ !  കയ്യാലകളിലെ വേരിൻ തണുപ്പിന്റെ ശുദ്ധിയിൽ തണുവറിയുന്ന കണ്ണുകൾ !തിമിർത്ത മഴയിൽ റബ്ബർ തോട്ടങ്ങൾക്കു നടുവിലൂടെ ഏകാന്തമായ വഴികളിൽ ഉച്ചത്തിൽ പാട്ടു പാടി വെള്ളം തെറിപ്പിച്ചു നടന്നുപോയപ്പോൾ നിവർത്തിയ കുടകൊണ്ടു മറയ്ക്കാൻ ശ്രമിച്ചത്‌ കുതിച്ചുപുറത്തു ചാടിപ്പോയ സ്വന്തം മനസ്സിനെ മാത്രമായിരുന്നു !

2017, മേയ് 29, തിങ്കളാഴ്‌ച

പരിത്യക്തയുടെ ഹൃദയത്തിന്റെ ഭാരം !
കണ്ണീരിന്റെ ഗാഢത !
വിഷം തുപ്പുന്ന വായയുടെ മൂർച്ചയിൽ, കഴിഞ്ഞ ഋതുക്കൾ ഒളിപ്പിച്ചു വച്ച വൃണത്തിൽ വേദന കിനിയുമ്പോൾ.......
മിന്നൽപ്പിണരിന്റെ തീവ്രതയിൽ
അമ്മനാവ് അഗ്നി വർഷിക്കുമ്പോൾ.......
ഈ മഴക്കാലം ദുഖങ്ങളുടെ പെയ്ത്തുകാലമാകുന്നു !2017, മേയ് 27, ശനിയാഴ്‌ച

എന്റെയുള്ളിൽ നിറയെപൂത്തുനിൽക്കുന്നൊരു മരമുണ്ടിപ്പോൾ. പ്രണയം നഷ്ടപ്പെട്ട വാക്കുകളാൽ നീയാ പൂവുകൾ കൊഴിച്ചു കളയരുതേ...
കുറച്ചുനാൾകൂടി അവ അങ്ങിനെ തീജ്വാല്ല ഉയർത്തട്ടെ !
ആദ്യത്തെ വേനൽമഴയിൽ പുതുമണ്ണിന്റെ ഗന്ധമുയരുന്ന മണ്ണിൽ വീണവ ജന്മം പൂർത്തീകരിക്കട്ടെ !
 അതുവരെ ----അതുവരെ ----ഈ വസന്തത്തെ കൊഴിക്കുന്ന കാറ്റാവരുതേ നിന്റെ വാക്കുകൾ !
നിന്റെ കണ്ണിലെ പ്രണയത്താൽ ശേഷിക്കുന്ന മൊട്ടുകൾകൂടി വിടരട്ടെ !
ദയവു ചെയ്തു പ്രണയം നഷ്ടപ്പെട്ട വാക്കുകൾ നീ ചൊരിയരുതേ !

2017, മേയ് 21, ഞായറാഴ്‌ച

മൗനം ഉറഞ്ഞ പകലിൽ
-------------------------------------

മൗനം ഉറഞ്ഞുതീർന്നതു പോലൊരു പകൽ. കാറ്റില്ല ----വെയിലില്ല ----ഒരൊറ്റ നിൽപ്പാണ്. കാലത്തിന്റെ നരച്ച മുഖം പോലെ. വന്നു കടന്നുപോകുന്ന മണിക്കൂറുകൾ സ്പർശിക്കുന്നേയില്ല. ചീവീടുകളുടെ സംഗീതം നിശ്ശബ്ദതയ്ക്ക് ആഴമേറ്റിയതേയുള്ളൂ. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു മഴസമൃദ്ധിയിലേക്ക് മനസ്സിനെ എത്തിച്ച മൗനം. വറുതിയും സ്നേഹവും പാലൂട്ടി വളർത്തിയ മഴക്കാലം.

                 പനയോലയിറയിൽനിന്നു കർക്കിടകപ്പെയ്ത്ത് ചാലുകളായി വീണുകൊണ്ടിരുന്നു. അറപ്പുരയെ അടുക്കളപ്പുരയോട് ചേർത്തിരുന്ന നാകപ്പാത്തിയിൽ നിന്ന് കുതിച്ചു ചാടിയിരുന്ന മഴവെള്ളം അദൃശ്യമായ എന്തിനെയോ കയ്യെത്തിപ്പിടിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. നാകപ്പാത്തി കൂട്ടിയോജിപ്പിച്ചിരുന്ന വിശാലമായ താളത്തിലായിരുന്നു, കുഞ്ഞുങ്ങൾക്ക്‌ തൊട്ടിലുകൾ കെട്ടിയിരുന്നത്. തായ്പ്പുരയുടെ പരുക്കൻ തിണ്ണയോട് ചാണകം മെഴുകിയ അടുക്കളപ്പുരയുടെ ഇറയം ചേർന്നിരുന്ന തളത്തിലെ തൊട്ടിലിൽ കിടക്കുമ്പോൾ മുലപ്പാൽ പുളിച്ചുതികട്ടിയത് ഓർമയുണ്ട്. 

2017, മേയ് 15, തിങ്കളാഴ്‌ച

പ്രണയമേ..... ജീവിതപ്രണയമേ
നിന്റെ മുമ്പിൽ വീണ്ടും പരാജിതയാകുന്നു, ഞാൻ.
ഒരുതുള്ളി നീരിനാൽ ഒരായിരം തളിർപ്പെടുക്കുന്ന വള്ളിപോലെയാണത്.
ഒരു തിരി വെളിച്ചത്തെ മഹാപ്രകാശമാക്കി പ്രതിഭലിപ്പിക്കാനാവുമതിന്.
നന്ദി, പ്രണയമേ.... ആയിരം കൈകളാൽ പുണരുന്ന ജീവിതപ്രണയമേ, നന്ദി !

2017, മേയ് 14, ഞായറാഴ്‌ച

ഓർമകളിലെ ബാല്യത്തിന്റെ വഴികൾക്ക് വലിയ നിറപ്പകിട്ടൊന്നുമില്ലായിരുന്നു. കാവി പൂശി നീണ്ടു കിടന്ന  നാട്ടുവഴികൾ. ചേരയും ചെമ്പോത്തും വഴിമാറിയിരുന്ന ഇടവഴികൾ. ആർത്തിരുണ്ട മഴയിൽ പുറത്തുചാടിപ്പോയ സ്വന്തം മനസ്സിനെ നിവർത്തിയ കുടയാൽ മറയ്ക്കാൻ ശ്രമിച്ച്‌, ഉച്ചത്തിൽ പാട്ടുപാടി നടന്നുപോയ പേടിയില്ലാ മഴവഴികൾ...വലിയ സംഭവ ബാഹുല്യങ്ങളൊന്നുമില്ലാതെ അതുവഴിയൊക്കെ നടന്നങ്ങു വളർന്നു മറഞ്ഞുപോയ ബാല്യകൗമാരങ്ങൾ .തന്നിൽത്തന്നെ മറഞ്ഞിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ കാലങ്ങൾക്കു കൂട്ടായത്  പുസ്തകങ്ങളായിരുന്നു. ആദ്യകാല വായനകളിലൊരിക്കലാണ് "സുമംഗല"എന്ന കഥപറച്ചിലുകാരിക്ക് "ചേച്ചീ "എന്ന സംബോധനയോടെ കത്തെഴുതിയത്,ഏതാണ്ടൊരു പത്തു വയസ്സിൽ. അനിയത്തിയായിത്തന്നെ അന്ന് 47ലെത്തിയിരുന്നയാൾ നിറസ്നേഹത്തോടെ സ്വീകരിച്ചു.  പിന്നീടങ്ങോട്ടു കത്തുകൾ, മറുപടികൾ... അങ്ങിനെ ദൃഢമായ ആത്മബന്ധം വളർന്നുവന്നു. ഇപ്പോൾ കുട്ടികളുടെ "സുമംഗലമുത്തശ്ശി"യായി അറിയപ്പെടുന്ന എന്റെയാ പഴയ ചേച്ചിയെ നേരിട്ട് കാണാൻ കാലം അവസരമൊരുക്കിയത് ഇപ്പോഴാണ്. ഈയിടെയായി വിളിക്കുമ്പോഴൊക്കെ "വരൂ കുട്ടി, എനിക്ക് കാണണം "എന്ന് ആവർത്തിക്കാറുണ്ടായിരുന്നു. അങ്ങിനെയാണ് ഫെബ്രുവരിമാസത്തിലെ ആ പകൽ എനിക്ക് അവിസ്മരണീയമായത്.

                    വഴി പറഞ്ഞു തന്നതിലെ കൃത്യതയിലും വ്യക്തതയിലുമൊന്നും എൺപതും പിന്നിട്ടിരുന്ന വയസ്സിന്റെയോ വെളുത്ത മുടിയുടെയോ വളഞ്ഞ ദേഹത്തിന്റെയോ നിഴലുപോലും തോന്നിച്ചില്ല. അത്രയ്കും അനായാസമായി.... ..... "ഞാൻ കാത്തിരിക്കയാണ് "എന്നു പറഞ്ഞപ്പോൾ മനസ്സിന് അത്രയ്ക്ക് കുതിപ്പൊന്നും തോന്നിയതുമില്ല. സാധാരണ ഔപചാരികത മാത്രമായേ തോന്നിയുള്ളൂ. പക്ഷേ പറഞ്ഞതുപോലെ കൃത്യമായി ഓട്ടുപാറയിൽ നിന്നും മുമ്പോട്ട് വന്ന് കൃഷി ആഫീസിനു എതിർവശം "ദേശമംഗലം മന "എന്നു വായിക്കുമ്പോൾ സിറ്റൗട്ടിൽ ശരിക്കും കാത്തിരിക്കുന്ന വെളുത്ത വസ്ത്രത്തിലെ മുത്തശ്ശിയെ കണ്ടു! അതു കാത്തിരിപ്പ്‌ തന്നെയായിരുന്നു !വെള്ളത്തിൽ വീണ പഞ്ഞിപോലെ, എന്റെ ഹൃദയം !
       കയറിച്ചെല്ലുമ്പോൾ ആഹ്ലാദാതിരേകത്തിന്റെ വിശാലമായ ചിരിയൊന്നും കാണാഞ്ഞപ്പോൾ പ്രകടനങ്ങൾ മാത്രം കാലങ്ങളായി ശീലിച്ച മനസ്സുപതറി. പക്ഷേ സംസാരം തുടങ്ങവേ, തുടരവേ കാലങ്ങളായി അടുത്ത ബന്ധുവെപ്പോലെ വിശേഷങ്ങളൊഴുകവേ,അന്വേഷണങ്ങളിലെ ആകാംക്ഷയും  ആത്മാർഥതയും അറിയവേ മനസ്സിന്റെ എല്ലാ മറയും നീങ്ങിപ്പോയി. മക്കളുടെ ഒക്കെ വിശേഷങ്ങളിൽ എനിക്കും താല്പര്യം തോന്നി. കൊച്ചുമക്കളുടെയൊക്കെ പേരെടുത്ത് ഞാൻ അന്വേഷിക്കവേ എന്റെ ശരിയായ ഓർമകളിൽ ഞാൻതന്നെ അത്ഭുതപ്പെട്ടുപോയി.
            ഓർമ്മകൾ....... തെളിഞ്ഞ അരുവിയുടെ ഒഴുക്കുപോലെയായിരുന്നു അത് . വെള്ളിനേഴിയിൽ ഒളപ്പമണ്ണ മനയുടെ പടിഞ്ഞാറ്റിയിൽ നിന്നും ഇവിടെ ഓട്ടുപാറയിലെ മകന്റെ വീടിന്റെ പൂമുഖത്തെത്തിയ വാർദ്ധക്യത്തിലേക്കു എത്ര ദൂരം!കുന്തിപ്പുഴയുടെ തീരത്തു വിടർന്ന സ്വപ്നങ്ങളിലേക്ക് ഇങ്ങനേ കടന്നു  ചെല്ലുകയായിരുന്നു.
മുത്തശ്ശിയുടെ ഭാഷയിൽ തന്നെ തുടരാം ......

               " മൂടയോടു കൂടിയാണ് ഞാൻ പിറന്നുവീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് സമയം കുറിക്കാൻ വെളിയിൽ അച്ഛനും മറ്റും കാത്തു നിന്നിരുന്നു. വയറ്റാട്ടി മൂട കീറി പുറത്തെടുത്തപ്പോഴും കരഞ്ഞില്ല. പാലു കുടിപ്പിച്ചു... കുടിച്ചു... കരച്ചിലില്ല. അവസാനം വയറ്റാട്ടി വാതിൽ തുറന്ന് പുറത്തു പറഞ്ഞ സമയമാണ് കുറിക്കപ്പെട്ടത്. അര മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ട് നിന്റെ ജാതകം ശരിയല്ലാ, എന്നാണു അമ്മ പറയാറ്.
ബാല്യത്തിന്റെ കൂടുതൽ മികവാർന്ന ചിത്രങ്ങളെക്കുറിച്ചു എനിക്കറിയാനുണ്ട്. ഓളപ്പമണ്ണക്കാർ സാഹിത്യാദികലകളിൽ തല്പരരും സാംസ്കാരിക രംഗത്ത് നന്നായി ഇടപെടുന്നവരും ആയിരുന്നല്ലോ. പതിനഞ്ചാമത്തെ വയസ്സിൽ ദേശമംഗലത്തേക്കു വേളികഴിച്ചു കൊടുക്കുമ്പോൾ അതൊരു മാറ്റിപ്രതിഷ്ഠ തന്നെയായിരുന്നു. അവിടെ ആർക്കും സാഹിത്യമൊന്നും രസിക്കില്ല. വളരെ  യാഥാസ്ഥിതികമായ രീതികൾ. നമ്പൂതിരിമാരുടെയിടയിലന്ന് സ്ത്രീകൾ പ്രധാന ചടങ്ങുകൾക്കൊന്നും ബ്ലൗസിടാൻ പാടില്ല. പുതയും കുടയുമാണവർക്കു പറഞ്ഞിരിക്കുന്നത്. ബ്ലൗസ്എന്നതു കൈകൊണ്ടുപോലും തൊടാൻ പാടില്ലാത്ത മ്ലേച്ഛമായ ഒന്നായാണ് പ്രായമുള്ളവർ കണ്ടിരുന്നത്. ഭർത്താവിന്റെ ഇല്ലത്തേക്ക് കൂടെ തന്നുവിട്ട പെട്ടിയിൽ അച്ഛൻ ഘോഷയും കുടയും വച്ചില്ല. ഇവിടെ വന്നപ്പോൾ ഗൃഹ പ്രവേശത്തിന് അതൊരു വിഷയമായി. പുതയും കുടയും ഇല്ലാത്രെ....ദേശമംഗലത്ത് നിന്നും അത് കൊണ്ടുവന്നാണ് കൂട്ടിക്കൊണ്ടു പോയത്‌ . അച്ഛൻ അങ്ങിനെ ചെയ്യാൻ കാരണമുണ്ട്. താലികെട്ടിന് ------താലികെട്ടുന്നത് അച്ഛനാണ്,  കുട്ടിയെ ബ്ലൌസ് ഇടീക്കാതെ ഇരുത്തിയതിനു അച്ഛൻ തന്റെ സ്ത്രീകളോട് കയർത്തിരുന്നു. കാല്മുട്ടുകളും കയ്യും കഴുത്തിൽ ചേർത്തു പുതച്ചു കുന്തിച്ചിരുന്ന കുട്ടി താലി കെട്ടുമ്പോഴും കൈ മാറ്റി കൊടുത്തില്ല. അച്ഛൻ ആവശ്യപ്പെട്ടപ്പോൾ 'ഞാൻ കൈ മാറ്റില്യ അച്ഛാ.. ഞാൻ ബ്ലൗസിട്ടിട്ടില്ല്യ 'എന്നു പറഞ്ഞു. കല്യാണം കഴിഞ്ഞു ഇല്ലത്തു വരുമ്പോഴും കുറേ ചടങ്ങുകൾ.... പിറ്റേദിവസം കുടിവയ്പു ഒക്കെയുണ്ട്  ഒന്നിനും ബ്ലൗസിടാൻ പാടില്ല . പിറ്റേന്ന് കുളി കഴിഞ്ഞു സ്ത്രീകളുടെ ഇടയിലേക്ക് വന്നപ്പോഴേ അത് മനസ്സിലാക്കി തന്നിരുന്നു. ഭർത്താവിന്റെ മുത്തശ്ശിയുണ്ടായിരുന്നു. അവർ ഏറെ യാഥാസ്ഥിതികയും കണിശക്കാരിയുമായിരുന്നു. പക്ഷെ ഭർത്താവിന്റെ അച്ഛൻ പ്രത്യേക പരിഗണന നൽകിയിരുന്നു. 'അവർ ഒളപ്പമണ്ണക്കാർ പരിഷ്കാരികളാ... കുട്ടിക്കിതൊന്നും ശീലമില്ല 'എന്ന് പറഞ്ഞിരുന്നു. കുടിവയ്‌പിന്‌ ശേഷം ഭർത്താവിന്റെ എച്ചില് കഴിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്.അത് വിലക്കാൻ ആ അച്ഛൻ വെളിയിൽ കാത്തു നിന്നിരുന്നു. എന്തുകൊണ്ടോ അതാരും ആവശ്യപ്പെട്ടില്ല.

                 ഒരു വർഷക്കാലം മാത്രമാണ് ഇല്ലത്തു കഴിഞ്ഞത്.പിന്നീട് ഓട്ടുപാറയിലെ പുതിയ വീട്ടിലേക്കു ഭർത്താവുമൊത്തു മാറുകയായിരുന്നു. വായനയ്ക്കൊന്നും ഒന്നും കിട്ടാനുണ്ടായിരുന്നില്ല. കടയിൽ നിന്നും സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ്സുകഷണങ്ങൾ ആർത്തിയോടെ വായിക്കും. ഒടുവിൽ ഒരു ജോലിക്കാരിപ്പെണ്ണ് വായനശാലയിൽ നിന്ന് പുസ്തകങ്ങൾ കൊണ്ടെത്തന്നു. ആരോ തിരഞ്ഞെടുക്കുന്നവ. കിട്ടുന്നതൊക്കെ വായിച്ചു. ഭർത്താവിന്റെ സഹോദരിമാർ കളിയാക്കി, 'ഒരു സാഹിത്യകാരി വന്നിരിക്കുന്നു 'എന്ന്. ആദ്യമൊക്കെ കുട്ടികൾക്കുവേണ്ടി കഥകളെഴുതിയപ്പോൾ അതിനാലാണ് മറ്റൊരു പേര് 'സുമംഗല ' എന്നത് സ്വീകരിച്ചത്. ആരും അറിയാതിരിക്കാൻ. അതു പിന്നെ സ്ഥിരമായി.
ഓളപ്പമണ്ണയിൽ അച്ഛൻ വേദ പണ്ഡിതനായിരുന്നു .ഋഗ്വേദത്തിന് പരിഭാഷ രചിച്ചിട്ടുണ്ട് .സ്വന്തം മരണം അച്ഛന് മുൻകൂട്ടി അറിയാമായിരുന്നു.രാത്രി ഛർദിച്ചു .വെളുപ്പിനെ കാപ്പി ചോദിച്ചു  നല്ല ചൂടെ വേണം കാപ്പി.പഴയ എട്ടുകെട്ടിലെ അടുക്കളയിൽ നിന്ന് ഓരോ പ്രാവശ്യവും കാപ്പിയുണ്ടാക്കി അച്ഛന്റെ മുറിയിലെത്തിക്കുമ്പോഴേക്കും തണുത്തുപോകും  അവസാനം അമ്മ തന്നെ ഒരു മാർഗം കണ്ടെത്തി .ഒരു സ്ററൗവ്വ് വാങ്ങി ഇവിടെ മുറിയുടെ വെളിയിൽ വെച്ചു .അങ്ങനെയാണ് കാപ്പി ഒന്നുകൂടി ചൂടാക്കി തിളച്ചപടിയെ കൊടുക്കുന്നത്. കാപ്പി കുറച്ചു കുടിച്ചു  കിടക്ക തറയിലിടാൻ പറഞ്ഞു  അമ്മ ഒരു സഹായിയെ കൂട്ടി കിടക്ക തറയിൽ വിരിച്ചു കിടത്തി  ഒന്നും സംസാരിക്കുന്നില്ല. മരണസമയത്തു ചൊല്ലുന്ന ഋഗ്വേദ ശ്ലോകങ്ങളുണ്ട് .സാധാരണ മറ്റാരെങ്കിലുമാണ് ചെയ്യാറ് .അച്ഛൻ തനിയെ അവ ഉരുവിടാൻ തുടങ്ങി.പദങ്ങൾ തെറ്റാതെ കൃത്യമായി.....സമയം നീങ്ങി ....മധ്യാഹ്നമെത്തവേ കുറച്ചു കഞ്ഞി കുടിക്കാൻ നിർബന്ധിച്ചു .ഒന്നോ രണ്ടോ വായ നിര്ബന്ധിപ്പിച്ചു കുടിപ്പിച്ചു  പിന്നെ വേണ്ടാ എന്നു കാട്ടി .വേദജപം നിലച്ചു  വായ എച്ചിലായി,ഇനി പാടില്ല .വെറുതെ നാമജപമായി .സമയം നീങ്ങി. താടി ചെറുതായി വിറക്കാൻ തുടങ്ങി. എന്താത്  ? ക്ഷീണം കൊണ്ടാവും .ഡ്രൈവർ പറഞ്ഞു .പക്ഷേ അമ്മയ്ക്ക് മനസ്സിലായി  മിണ്ടാതെ കാൽക്കൽ നമസ്കരിച്ച് അകത്തേക്ക് പിൻവാങ്ങി .നമ്പൂതിരിമാരുടെയിടയിൽ ഭർത്താവിന്റെ ജീവനറ്റ ശരീരം ഭാര്യ കാണാൻ പാടില്ല .ഞാനെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു  നമസ്കരിച്ചിട്ട് അകത്തേക്ക് ചെന്നു. അമ്മ വെറും നിലത്തു കിടക്കുന്നു  കരയുന്നില്ല .കണ്ടു ...കൈ പിടിച്ചു  ...കരച്ചിലില്ല. മെല്ലെ എഴുന്നേറ്റിരുന്ന് കാതിലെയും കൈയ്യിലേയും സ്വയം ഊരി എടുത്തു. താലി അഴിക്കുകയാണ്... പറ്റുന്നില്ല. ..ബുദ്ധിമുട്ടി ഒരുവിധം വലിച്ചു പറിച്ചെടുത്തു, കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്നു. വല്യേട്ടൻ മുറിയിലേക്ക് വന്നു. ചോദിക്കാനാവുന്നില്ല .താലി അമ്മയോട് ചോദിച്ചു വാങ്ങണം .ഏട്ടന് അതാവില്ല .അതറിഞ്ഞ് അമ്മ നേരത്തെ തയ്യാറായിരിക്കുന്നു ! പണ്ഡിതയും വിദുഷിയുമായിരുന്ന അമ്മ അച്ഛന്റെ മരണശേഷം ബുദ്ധിയില്ലാത്തവളെപ്പോലെ ആയിത്തീർന്നു.സംസ്കൃതവും ശ്ലോകങ്ങളുമൊന്നും ഓർമയില്ല .ഒരു ഇരുണ്ട ജീവിതം എട്ടൊമ്പത് വർഷം ജീവിച്ചു തീർത്തു .
                ഭർത്താവിന്റെ മരണശേഷം ഒന്നിച്ചു ജീവിച്ചിരുന്ന വീട്ടിൽ തങ്ങാൻ തനിക്കും ആവുന്നില്ല. ഒന്നിച്ചായിരുന്ന കാലമത്രയും വ്യത്യസ്തമായ ഉൾജീവിതങ്ങൾ ജീവിച്ചു തീർത്തു തങ്ങൾ. പക്ഷെ ഒരാൾ വേർപിരിഞ്ഞപ്പോൾ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും തങ്ങൾ ഒന്നിച്ചായിരുന്നുവെന്നു തിരിച്ചറിയുന്നു .പുസ്തകങ്ങളും വായനയും തന്നെയാണ് മുത്തശ്ശിക്കിന്നും ജീവിതം..ഇംഗ്ളീഷും   മലയാളവും വായിക്കും. രാവിലെ തുടങ്ങുന്നു വായന .ഊണിനു ശേഷം കിടക്കും .അപ്പോഴും പുസ്തകമുണ്ട് കയ്യിൽ. വായിച്ചുകൊണ്ടേ കിടക്കും. പുതിയ തലമുറയിലെ എഴുത്തുകാരെക്കുറിച്ചു വ്യക്തമായ സ്വാഭിപ്രായങ്ങളുണ്ട് .സമകാലികങ്ങളെക്കുറിച്ചു കൃത്യമായ ജ്ഞാനമുണ്ട് .ശരീരത്തിന്റെ വളവ് ഇപ്പോൾ നടപ്പ് ബുദ്ധിമുട്ടാക്കിയിരിക്കുന്നു. ഇരിപ്പും കിടപ്പും മാത്രം  ജീവിതത്തെകുറിച്ചിപ്പൊഴും ഇച്ഛാഭംഗങ്ങളോ ആശങ്കളോ ആസക്തിയോ ഇല്ലതന്നെ .നിയതിയുടെ നീതിക്ക് വഴങ്ങാൻ സദാ സന്നദ്ധ എന്നൊരു മട്ട്. ഒട്ടു നീണ്ടൊരു വഴിയിൽ  ആർജിച്ച ഉൾക്കാഴ്ചയുടെ പ്രശാന്തത മുഖത്തും ......


മേടത്തിലെ തീക്ഷ്ണമായ വേനലിന്റെ അവസാന പാദമാണ്  കത്തുന്ന പകൽ, പക്ഷേ ഇടവിടാതെ വീശുന്ന മധ്യാഹ്നക്കാറ്റിന്  വല്ലാത്തൊരു ഊർജസ്വലതയുണ്ട്. വേനലിന്റെ കാഠിന്യത്തിലും അതു നമ്മളിൽ ഉത്സാഹം നിറയ്ക്കുന്നു. വെറുതെ വടക്കേ പറമ്പിലെ റബ്ബർ തോട്ടത്തിലേക്ക് നോക്കിയപ്പോൾ പശുവിനെ തീറ്റിച്ചു കാറ്റേറ്റ് ഇളവേൽക്കുന്ന അമ്മയെ കണ്ടതു പോലെ തോന്നി. റബ്ബർ മരങ്ങൾ ഈ പറമ്പ് സ്വന്തമാക്കിയത് അമ്മ അറിഞ്ഞിട്ടില്ല. അമ്മയുടെ തൊടിയിൽ മാവും പ്ലാവും പുളിയുമായിരുന്നു. അമ്മ മരിച്ചതിനു ശേഷമാണ് അവയൊക്കെ മുറിച്ചു മാറ്റി പണക്കൃഷി നടത്തിയത്. എന്നിട്ടിപ്പോ.....കറയെടുക്കാതെ നിർത്തിയിരിക്കുന്ന മൂപ്പെത്തിയ മരങ്ങൾ, കെട്ടുപ്രായം കഴിഞ്ഞ പെണ്ണുങ്ങളെ ഓർമിപ്പിച്ചു. വടക്കേ അതിരിലെ ചക്കരമാവ് തന്നിരുന്ന മധുരം ഇപ്പോഴും നാവിലുണ്ട്. പണം തരാത്ത റബ്ബർ മരങ്ങൾ പക്ഷേ ഏറെ തണലു തരുന്നുണ്ട്.
എന്നാലും അമ്മയുടെ കറികളുടെ രുചി പോലെ, ചക്കരമാങ്ങയുടെ മധുരം പോലെ, പ്രഭാതങ്ങളുടെ ഉദ്വേഗവും മധ്യാഹ്നങ്ങളുടെ ആലസ്യവും മൂവന്തികളുടെ സ്വപ്നങ്ങളുംപോലെ മറക്കാനാവാത്ത പലതും ഈ തണലിലും മുളച്ചു പൊന്തുന്നുണ്ട്. 

2017, മേയ് 12, വെള്ളിയാഴ്‌ച

വീണ്ടും ഒരു ഹർത്താൽ ദിനം കൂടി. അവധി ദിവസങ്ങളിൽ കൂടി തികച്ചും സമയബന്ധിതമായ ഓട്ടങ്ങൾക്കിടയിലേക്കു ഒരു ടൈംടേബിളും ആവശ്യമില്ലാത്ത ഒരു ദിവസം വീണു കിട്ടുകയാണ്. കുറച്ചു നാളായി പുറത്തേക്ക് കാണാത്ത സുഖമില്ലാത്ത അയല്പക്കത്തെ സുഹൃത്തിനെ സന്ദർശിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. പക്ഷേ... എന്റെ കയ്യിൽ നിന്നു ഈ ദിവസവും വഴുതിപ്പോയിരിക്കുന്നു ! കാലാവര്ഷത്തിന് മുൻപ് മുറ്റത്തും തൊടിയിലും ചില മുന്നൊരുക്കങ്ങൾ..... മേടപ്പത്തിന് നട്ടു ബാക്കിയായി ഉപേക്ഷിച്ച കുറേ മഞ്ഞൾ കഷണങ്ങൾ കൂടി സ്വന്തമായി കൃഷി ചെയ്യാനുള്ള ചില ശ്രമങ്ങൾ... ഇടയ്ക്കു അടുക്കളയിൽ പെട്ടെന്നൊരു കഷണം ഇഞ്ചി ആവശ്യം വരുമ്പോൾ ഓടിച്ചെന്നു മാന്തിയെടുക്കാൻ ചെറിയൊരു ഇഞ്ചിക്കൃഷി.... ചെടികൾക്കും പച്ചക്കറികൾക്കുമിടയിലെ കളപറിക്കൽ എന്നിങ്ങനെ ഈ ദിവസവും തീർന്നുപോയി !
ഇനി വീണ്ടും നാളെമുതൽ പതിവിൻപടി തന്നെ.
നിറഞ്ഞ ഒരു കാലവർഷത്തെ സ്വപ്നം കണ്ടുറങ്ങാമെന്നു തോന്നുന്നു. കുറേ ദിവസങ്ങളായി വാദ്യഘോഷങ്ങൾ തുടങ്ങിയിട്ട്. ഒരു തിരനോട്ടം തന്നെ... എപ്പോഴാ രംഗത്തേക്ക് അവതരിക്കുക എന്നുമാത്രം പറയാനാവില്ലല്ലോ