2017, മേയ് 29, തിങ്കളാഴ്‌ച

പരിത്യക്തയുടെ ഹൃദയത്തിന്റെ ഭാരം !
കണ്ണീരിന്റെ ഗാഢത !
വിഷം തുപ്പുന്ന വായയുടെ മൂർച്ചയിൽ, കഴിഞ്ഞ ഋതുക്കൾ ഒളിപ്പിച്ചു വച്ച വൃണത്തിൽ വേദന കിനിയുമ്പോൾ.......
മിന്നൽപ്പിണരിന്റെ തീവ്രതയിൽ
അമ്മനാവ് അഗ്നി വർഷിക്കുമ്പോൾ.......
ഈ മഴക്കാലം ദുഖങ്ങളുടെ പെയ്ത്തുകാലമാകുന്നു !



2017, മേയ് 27, ശനിയാഴ്‌ച

എന്റെയുള്ളിൽ നിറയെപൂത്തുനിൽക്കുന്നൊരു മരമുണ്ടിപ്പോൾ. പ്രണയം നഷ്ടപ്പെട്ട വാക്കുകളാൽ നീയാ പൂവുകൾ കൊഴിച്ചു കളയരുതേ...
കുറച്ചുനാൾകൂടി അവ അങ്ങിനെ തീജ്വാല്ല ഉയർത്തട്ടെ !
ആദ്യത്തെ വേനൽമഴയിൽ പുതുമണ്ണിന്റെ ഗന്ധമുയരുന്ന മണ്ണിൽ വീണവ ജന്മം പൂർത്തീകരിക്കട്ടെ !
 അതുവരെ ----അതുവരെ ----ഈ വസന്തത്തെ കൊഴിക്കുന്ന കാറ്റാവരുതേ നിന്റെ വാക്കുകൾ !
നിന്റെ കണ്ണിലെ പ്രണയത്താൽ ശേഷിക്കുന്ന മൊട്ടുകൾകൂടി വിടരട്ടെ !
ദയവു ചെയ്തു പ്രണയം നഷ്ടപ്പെട്ട വാക്കുകൾ നീ ചൊരിയരുതേ !

2017, മേയ് 21, ഞായറാഴ്‌ച

മൗനം ഉറഞ്ഞ പകലിൽ
-------------------------------------

മൗനം ഉറഞ്ഞുതീർന്നതു പോലൊരു പകൽ. കാറ്റില്ല ----വെയിലില്ല ----ഒരൊറ്റ നിൽപ്പാണ്. കാലത്തിന്റെ നരച്ച മുഖം പോലെ. വന്നു കടന്നുപോകുന്ന മണിക്കൂറുകൾ സ്പർശിക്കുന്നേയില്ല. ചീവീടുകളുടെ സംഗീതം നിശ്ശബ്ദതയ്ക്ക് ആഴമേറ്റിയതേയുള്ളൂ. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു മഴസമൃദ്ധിയിലേക്ക് മനസ്സിനെ എത്തിച്ച മൗനം. വറുതിയും സ്നേഹവും പാലൂട്ടി വളർത്തിയ മഴക്കാലം.

                 പനയോലയിറയിൽനിന്നു കർക്കിടകപ്പെയ്ത്ത് ചാലുകളായി വീണുകൊണ്ടിരുന്നു. അറപ്പുരയെ അടുക്കളപ്പുരയോട് ചേർത്തിരുന്ന നാകപ്പാത്തിയിൽ നിന്ന് കുതിച്ചു ചാടിയിരുന്ന മഴവെള്ളം അദൃശ്യമായ എന്തിനെയോ കയ്യെത്തിപ്പിടിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. നാകപ്പാത്തി കൂട്ടിയോജിപ്പിച്ചിരുന്ന വിശാലമായ താളത്തിലായിരുന്നു, കുഞ്ഞുങ്ങൾക്ക്‌ തൊട്ടിലുകൾ കെട്ടിയിരുന്നത്. തായ്പ്പുരയുടെ പരുക്കൻ തിണ്ണയോട് ചാണകം മെഴുകിയ അടുക്കളപ്പുരയുടെ ഇറയം ചേർന്നിരുന്ന തളത്തിലെ തൊട്ടിലിൽ കിടക്കുമ്പോൾ മുലപ്പാൽ പുളിച്ചുതികട്ടിയത് ഓർമയുണ്ട്. 

2017, മേയ് 15, തിങ്കളാഴ്‌ച

പ്രണയമേ..... ജീവിതപ്രണയമേ
നിന്റെ മുമ്പിൽ വീണ്ടും പരാജിതയാകുന്നു, ഞാൻ.
ഒരുതുള്ളി നീരിനാൽ ഒരായിരം തളിർപ്പെടുക്കുന്ന വള്ളിപോലെയാണത്.
ഒരു തിരി വെളിച്ചത്തെ മഹാപ്രകാശമാക്കി പ്രതിഭലിപ്പിക്കാനാവുമതിന്.
നന്ദി, പ്രണയമേ.... ആയിരം കൈകളാൽ പുണരുന്ന ജീവിതപ്രണയമേ, നന്ദി !

2017, മേയ് 14, ഞായറാഴ്‌ച

മേടത്തിലെ തീക്ഷ്ണമായ വേനലിന്റെ അവസാന പാദമാണ്  കത്തുന്ന പകൽ, പക്ഷേ ഇടവിടാതെ വീശുന്ന മധ്യാഹ്നക്കാറ്റിന്  വല്ലാത്തൊരു ഊർജസ്വലതയുണ്ട്. വേനലിന്റെ കാഠിന്യത്തിലും അതു നമ്മളിൽ ഉത്സാഹം നിറയ്ക്കുന്നു. വെറുതെ വടക്കേ പറമ്പിലെ റബ്ബർ തോട്ടത്തിലേക്ക് നോക്കിയപ്പോൾ പശുവിനെ തീറ്റിച്ചു കാറ്റേറ്റ് ഇളവേൽക്കുന്ന അമ്മയെ കണ്ടതു പോലെ തോന്നി. റബ്ബർ മരങ്ങൾ ഈ പറമ്പ് സ്വന്തമാക്കിയത് അമ്മ അറിഞ്ഞിട്ടില്ല. അമ്മയുടെ തൊടിയിൽ മാവും പ്ലാവും പുളിയുമായിരുന്നു. അമ്മ മരിച്ചതിനു ശേഷമാണ് അവയൊക്കെ മുറിച്ചു മാറ്റി പണക്കൃഷി നടത്തിയത്. എന്നിട്ടിപ്പോ.....കറയെടുക്കാതെ നിർത്തിയിരിക്കുന്ന മൂപ്പെത്തിയ മരങ്ങൾ, കെട്ടുപ്രായം കഴിഞ്ഞ പെണ്ണുങ്ങളെ ഓർമിപ്പിച്ചു. വടക്കേ അതിരിലെ ചക്കരമാവ് തന്നിരുന്ന മധുരം ഇപ്പോഴും നാവിലുണ്ട്. പണം തരാത്ത റബ്ബർ മരങ്ങൾ പക്ഷേ ഏറെ തണലു തരുന്നുണ്ട്.
എന്നാലും അമ്മയുടെ കറികളുടെ രുചി പോലെ, ചക്കരമാങ്ങയുടെ മധുരം പോലെ, പ്രഭാതങ്ങളുടെ ഉദ്വേഗവും മധ്യാഹ്നങ്ങളുടെ ആലസ്യവും മൂവന്തികളുടെ സ്വപ്നങ്ങളുംപോലെ മറക്കാനാവാത്ത പലതും ഈ തണലിലും മുളച്ചു പൊന്തുന്നുണ്ട്. 

2017, മേയ് 12, വെള്ളിയാഴ്‌ച

വീണ്ടും ഒരു ഹർത്താൽ ദിനം കൂടി. അവധി ദിവസങ്ങളിൽ കൂടി തികച്ചും സമയബന്ധിതമായ ഓട്ടങ്ങൾക്കിടയിലേക്കു ഒരു ടൈംടേബിളും ആവശ്യമില്ലാത്ത ഒരു ദിവസം വീണു കിട്ടുകയാണ്. കുറച്ചു നാളായി പുറത്തേക്ക് കാണാത്ത സുഖമില്ലാത്ത അയല്പക്കത്തെ സുഹൃത്തിനെ സന്ദർശിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. പക്ഷേ... എന്റെ കയ്യിൽ നിന്നു ഈ ദിവസവും വഴുതിപ്പോയിരിക്കുന്നു ! കാലാവര്ഷത്തിന് മുൻപ് മുറ്റത്തും തൊടിയിലും ചില മുന്നൊരുക്കങ്ങൾ..... മേടപ്പത്തിന് നട്ടു ബാക്കിയായി ഉപേക്ഷിച്ച കുറേ മഞ്ഞൾ കഷണങ്ങൾ കൂടി സ്വന്തമായി കൃഷി ചെയ്യാനുള്ള ചില ശ്രമങ്ങൾ... ഇടയ്ക്കു അടുക്കളയിൽ പെട്ടെന്നൊരു കഷണം ഇഞ്ചി ആവശ്യം വരുമ്പോൾ ഓടിച്ചെന്നു മാന്തിയെടുക്കാൻ ചെറിയൊരു ഇഞ്ചിക്കൃഷി.... ചെടികൾക്കും പച്ചക്കറികൾക്കുമിടയിലെ കളപറിക്കൽ എന്നിങ്ങനെ ഈ ദിവസവും തീർന്നുപോയി !
ഇനി വീണ്ടും നാളെമുതൽ പതിവിൻപടി തന്നെ.
നിറഞ്ഞ ഒരു കാലവർഷത്തെ സ്വപ്നം കണ്ടുറങ്ങാമെന്നു തോന്നുന്നു. കുറേ ദിവസങ്ങളായി വാദ്യഘോഷങ്ങൾ തുടങ്ങിയിട്ട്. ഒരു തിരനോട്ടം തന്നെ... എപ്പോഴാ രംഗത്തേക്ക് അവതരിക്കുക എന്നുമാത്രം പറയാനാവില്ലല്ലോ