2017, ജൂൺ 21, ബുധനാഴ്‌ച

മഴ തോർന്നൊരു സായാഹ്നത്തിൽ ............
-----------------------=============
   വെറുമൊരു വാക്ക്..... പീറ്റർ വെറുതെ പറഞ്ഞ ഒന്ന്.... പെട്ടെന്നെനിക്കു വല്ലാതെ തോന്നി. മുൻപിലിരുന്ന ഫയലിൽ വെറുതെ നോക്കി കുറച്ചു നേരം ഞാനിരുന്നു. അവൻ അപ്പോഴേക്കും വേറെയെന്തോ ജോലിയിൽ മുഴുകിയിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാനായില്ല. മേശയുടെ വലിപ്പു ഒന്നു വെറുതെ തുറന്നടച്ചു. പെട്ടെന്നെനിക്കു സങ്കടം വന്നു. കരച്ചിൽ വന്ന് തൊണ്ടയിൽ മുട്ടി. അപ്രതീക്ഷിതമായി പുറത്ത് ജനലിനപ്പുറം മഴ പെയ്യാൻ തുടങ്ങി. ഞാൻ കസേര കുറച്ചുകൂടി വലിച്ചു നീക്കിയിട്ടു. മുൻപിലിരുന്ന  ശൂന്യമായ പേപ്പറിൽ ഒന്നു വരച്ചു.----വീണ്ടും വരച്ചു.... അടുത്ത് എന്തോ ഫലിതത്തിന്റെ ബാക്കിയായി ഒരു ചിരിയുയർന്നു. എന്റെ മുമ്പിലുള്ള പേപ്പറിൽ പതിനൊന്നു വശങ്ങളുള്ള ഒരു ജ്യാമിതീയ രൂപമായിരുന്നപ്പോൾ. പതിനൊന്നു വശങ്ങളുള്ളതിനു എന്താ പേർ പറയുക ?പെട്ടെന്ന് പഴയ ഗണിതശാസ്ത്ര ക്ലാസ്സുകൾ ഓർത്തുപോയി. പണിക്കര് സാറായിരുന്നു, ഞങ്ങൾക്കന്ന് ജിയോമെട്രി എടുത്തിരുന്നത്. സാറിന് ശ്വാസകോശത്തിൽ കാൻസറായിരുന്നു. ഞങ്ങൾ പക്ഷേ അതറിഞ്ഞിരുന്നില്ല. വളരെ ചെറിയ ശബ്ദത്തിൽ സാർ ക്ളാസ്സെടുത്തപ്പോൾ പിൻ ബെഞ്ചിലിരുന്നു ആൺകുട്ടികൾ ബഹളമുണ്ടാക്കി. പലപ്പോഴും തുടർന്ന് പറയാനാവാതെ സാർ നിർത്തി. മുൻപും നീണ്ടചുമയുടെ അന്ത്യത്തിൽ സാർ ക്ലാസ്സു നിർത്തി ഇറങ്ങിപ്പോകാറുണ്ടായിരുന്നു. നോട്ടു പറഞ്ഞു തന്നപ്പോൾ 'കേൾക്കാൻ വയ്യാ.. "എന്നു ഞങ്ങൾ ഒച്ചയെടുക്കവേ തിരിഞ്ഞു ബോർഡിലെഴുതാൻ തുടങ്ങിയ സാർ ചോക്കുപൊടി ശ്വസിച്ചു ശബ്ദത്തോടെ ചുമച്ചു. ഏറെ വൈകി സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ്, ഞങ്ങളതറിയുന്നത്.
                      ഇപ്പോൾ പുറത്തു മഴ കനത്തു പെയ്യുകയാണ്. ദൂരെ കുന്നിൻ മുകളിൽ ആകെ നനഞ്ഞുലഞ്ഞു നിൽക്കുന്ന കാറ്റാടിത്തലപ്പ്‌ എനിക്ക് മഴയിലൂടെ കാണാം. താഴെ കറുത്ത പാതയിൽ ശബ്ദമില്ലാതെ മഴസൂചികൾ സ്ഫടികത്തുണ്ടുകൾ പോലെ വീണു തകരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായതിനാൽ ആവശ്യത്തിലധികം വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ ഓരോ തുണിക്കെട്ടുകളായി മഴയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ചെളിവെള്ളം തെറിപ്പിച്ചു കടന്നുപോയ ചുവന്ന ബസ്സ് അഞ്ചുമണിയായെന്നു ഓർമിപ്പിച്ചു  വീണ്ടും എനിക്ക് കരച്ചിൽ വന്നു പീറ്ററിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നു. അവൻ എപ്പോഴോ തന്നെ എഴുന്നേറ്റു പോയിക്കഴിഞ്ഞിരുന്നു.
                  എന്റെ വാടകവീടിന്റെ മുൻപിൽ എപ്പോഴും തിരക്കുള്ള നാട്ടുവഴി ആയതിനാൽ മുൻവശത്തെ വാതിൽ ഞാൻ തുറന്നിടാറില്ലായിരുന്നു. ഭിത്തിയിൽ ഒരു കോളിംഗ് ബെല്ലിന്റെ സ്വിച്ചും ഉണ്ടായിരുന്നില്ല. എന്റെ മുറിയുടെ മരജനാല തുറന്നുവച്ചാൽ എനിക്ക് മുൻവശത്തെ വഴിയുടെ തിരക്കുകൾ കാണാം. അങ്ങകലെ സായന്തനങ്ങളിൽ മാത്രം ചുവന്നു വരുന്ന നീല മലനിരകൾ കാണാം. ശൂന്യതയിലേക്കെന്നവണ്ണം ഒറ്റപ്പെട്ടു  തിളങ്ങുന്നൊരു കുരിശു കാണാം. സമൃദ്ധങ്ങളായ കാറ്റാടിമരത്തലപ്പുകൾ കാണാം.
ആ സായാഹ്നത്തിൽ മഴപെയ്തു തോർന്നുനിൽക്കുമ്പോൾ,പെട്ടെന്നൊരു നിമിഷം  വാതിലിൽ കേട്ട മുട്ട് എന്റെ തോന്നലാണൊന്നു പോലും സംശയിച്ചുപോയി. അടഞ്ഞ വാതിലിനപ്പുറം അത് അവനായിരിക്കുമെന്നു ഞാൻ കരുതിയേയില്ല. അപ്പോൾ കുളിച്ച് മുടിയാകെ വിടർത്തിയിട്ടിരിക്കയായിരുന്നു,ഞാൻ. കണ്ണുകൾ വിടർത്തി അവൻ പറഞ്ഞു,"നിന്നെ ഇങ്ങനെ കണ്ടിട്ട് അതിശയമായിരിക്കുന്നു !" വാതിൽപ്പാളിയിൽ നിന്ന് കയ്യെടുത്തുകൊണ്ടു ഞാൻ പറഞ്ഞു, "കടന്നു വരൂ ".  "നിന്റെ പണികളൊക്കെ കഴിഞ്ഞോ, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു... ",ഞാൻ നിശ്ശബ്ദം അവനെതിരെയിരുന്നു. മഴ കഴിഞ്ഞു സൂര്യൻ പ്രകാശിക്കാൻ തുടങ്ങിയിരുന്നു. സായാഹ്നവെളിച്ചം വാതിൽ കടന്നുവന്ന് ഞങ്ങളുടെ കാൽച്ചുവട്ടിൽ വീഴുന്നു. അവന്റെ കാലിലെ ഷൂവുകൾ പുറത്തഴിച്ചു വച്ചിരുന്നില്ല. എന്റെ നോട്ടം കാലുകളിൽ തടഞ്ഞതുകൊണ്ടാവണം,പെട്ടന്നവൻ പുറത്തു പോയി ചെരുപ്പുകളഴിച്ചുവച്ചു വന്നു. "നീ വീട് വളരെ വൃത്തിയാക്കി സൂക്ഷിക്കുന്നു,അല്ലേ".മുറിയിൽഞാൻ കഴിഞ്ഞ ദിവസം എടുത്തു വച്ച പൂക്കൾ വാടിയിരുന്നു. പിന്നെ ശബ്ദം താഴ്ത്തി രഹസ്യം പോലെ അവൻ ചോദിച്ചു,"നിന്റെ അമ്മയുടെ മുഖം ഓർമയിൽ സൂക്ഷിക്കാനാവുന്നുണ്ടോ,നിനക്ക് ?". ഒരു നിമിഷം,ഓർമകളുടെയും ഓർമക്കേടുകളുടേയും ലോകത്ത് തങ്ങി നിൽക്കാൻ ശ്രമിച്ചു ഞാൻ. അമ്മയ്ക്കു ചുവന്ന കല്ലുകൾ പതിച്ച കമ്മലുകളുണ്ടായിരുന്നു. ഓർമയിൽ എന്റെ വീടിനു നിറയെ പൂത്ത വള്ളികൾ പടർന്ന ഒരു വേലിക്കെട്ടുണ്ടായിരുന്നു. എന്റെ വീടുകൾക്ക് എന്നും വേലികളുണ്ടായിരുന്നു. എന്റെയീ വാടകവീടിന്റെ വേലിയിലും ശംഖുപുഷ്പം പടർന്നു പൂത്തിരിക്കുന്നു !വൈകുന്നേരങ്ങളിൽ തിരിച്ചു വരുമ്പോൾ വെറുതെ ചില കുഞ്ഞു സ്വപ്നങ്ങളുടെ ഓളങ്ങളിൽ മുങ്ങിപ്പൊങ്ങി പോരുക എന്റെ ശീലമായിരുന്നു. അങ്ങിനെയുള്ള എന്റെ സ്വപ്നങ്ങളിൽ ഒരു വീടുണ്ടായിരുന്നു. നിറയെ ചില്ലു ജനാലകളുള്ള പഴയ ഇരുനില വീട് പുഴയുടെ കരയിലായിരുന്നു !മുറ്റത്തു പടർന്നുനിന്ന മാവിനു ചുറ്റി ആ വീടിനുപോലും ഒരു വേലിയുണ്ടായിരുന്നു !.വേനലിന്റെ ചൂടിൽ മാവിന്റെ മറവിൽ പുഴയോരക്കാറ്റേറ്റ്......മഞ്ഞിന്റെ ഈർപ്പം മുറ്റുന്ന പ്രഭാതങ്ങളിൽ മുകളിലത്തെ വരാന്തയിലെ ചില്ലു ജാലകങ്ങളിൽ മുഖം ചേർത്ത്......
എപ്പോഴും സ്വപ്‌നങ്ങൾ പൂർത്തിയാകുംമുന്പെനിക്കു വീടെത്തുന്നു !
പീറ്ററെന്നോടു യാത്ര പറയുമ്പോൾ മാത്രമാണ് ഇരുളാൻ തുടങ്ങിയ വെളിച്ചത്തെ പറ്റി ഞാൻ ബോധവതിയായത്. വേലിക്കെട്ടിലെ ചെറിയ വാതിൽ തുറന്ന് വളവിനപ്പുറം അവൻ മറയുംവരെ ഞാൻ നോക്കിനിന്നു. പെട്ടെന്ന് മഴ വീണ്ടും തുടങ്ങുകയും ഞാൻ വാതിലടക്കുകയും ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ