2017 ഡിസംബർ 12, ചൊവ്വാഴ്ച

ഡിസംബർ... നീയെന്റെ പനിക്കിടക്ക മറക്കാതെ വീണ്ടും വിരിച്ചു !
നീല നിറമുള്ള ചുവരുകളുള്ള മുറി... മഞ്ഞ നിറം വച്ച മനസ്സ് ! കൊതുകിന്റെ മൂളൽ. മടുക്കാതെ ആണ്ടുമുങ്ങുന്ന ഏകാന്തത ! എല്ലാം പഴയപടി തന്നെ.
പഴയവ ചിലതു കൂടിയുണ്ട്, നീയെനിക്കു മറക്കാതെ കൊണ്ടുവരേണ്ടത്.
മഞ്ഞു കണങ്ങൾ ചുംബിച്ചു നിൽക്കുന്ന ഈശോപുല്ലുകൾ നിറഞ്ഞ പ്രഭാതങ്ങൾ !
അവ്യക്ത സുന്ദരങ്ങളായ മഞ്ഞാടമറയ്ക്കപ്പുറമുള്ള മോഹക്കാഴ്ചകൾ !
നിലാവു പുഷ്പിക്കുന്ന കാട്ടുമരങ്ങളുടെ ചുവപ്പും മഞ്ഞയും !
തീക്ഷ്ണ നിശ്ശബ്ദമായ മധ്യാഹ്നങ്ങളുടെ വിരസത !
പാലപ്പൂമണം മത്തു പിടിപ്പിക്കുന്ന മുഗ്ദ്ധ സന്ധ്യകൾ !
കേൾവിയുടെ തുടക്കത്തിൽ പാദങ്ങളിൽ ചെറു താളമായി ഉണർന്ന് ഉടലാകെ പൂത്തു നിറയുന്ന കഥകളി രാവുകൾ !
നളനെയും അര്ജുനനെയും പ്രണയിക്കുന്ന പഴയ ആ കൗമാര മനസ്സും !

2017 ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

മകളെ പെണ്ണുചോദിക്കുമ്പോൾ...
--------------------------------------------------

അവളുടെ പാൽക്കുപ്പി തിളപ്പിച്ചെടുക്കാൻ താൻ മറന്നോ,എന്ന് ആകുലപ്പെട്ടത്, ഇക്കഴിഞ്ഞ നാളിലായിരുന്നുവെന്നു തോന്നിപ്പോകുന്നു. അവൾക്കു കൊടുക്കാൻ എടുത്ത പുല്ലു കുറുക്കിനു ചൂട് പാകമോ എന്ന് നോക്കിയ രുചി ഇപ്പോഴുമുണ്ടെന്റെ രസനയിൽ. വൈകുന്നേരമെത്തുന്ന അമ്മയുടെ ഉമ്മ വാങ്ങാനായി തിടുക്കപ്പെട്ടു വെള്ളം തേച്ചു മുഖം വൃത്തിയാക്കുന്ന കുഞ്ഞിക്കൈകൾ !അനിയനെ കാണാൻ ആശുപത്രിക്കിടക്കയിലെത്തിയ അവളെ കെട്ടിപ്പിടിച്ചു താൻ കരഞ്ഞപ്പോൾ അത്ഭുതം കൊണ്ടു മിഴിഞ്ഞ കുഞ്ഞു മുഖം !ഒക്കെയും ഇതാ ഇന്നലെ കഴിഞ്ഞതേയുള്ളൂ. വളർച്ചയുടെ കീഴ്പ്പെടലുകളിൽ, അനുസരണക്കേടിന്റെ ചൂരൽചൂടിൽ, ഒക്കെയും അവളെ മെരുക്കിക്കൊണ്ടു വന്നത് ഇക്കഴിഞ്ഞ നാളുകളിലായിരുന്നുവല്ലോ.
       കൗമാരം കഴിഞ്ഞു....... യൗവ്വനം എത്തി നോക്കുന്നേയുള്ളൂ.... തന്റെ ഉള്ളുകൾ അവളോടുകൂടി പകരാൻ തുടങ്ങിയിട്ടേയുള്ളൂ... മറ്റൊരു അവകാശി !ഇനിയുള്ള കാലം അവളെ ഏറ്റുവാങ്ങുന്ന മറ്റൊരു വീട് !
ഇനിയായിരുന്നു,എനിക്ക് കൂടെയിരുത്തി സ്നേഹിക്കേണ്ടിയിരുന്നത്.... ഇനിയായിരുന്നു.......
വലിയൊരു നിലവിളിയാണെനിക്ക് കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്നത് !

2017 ജൂൺ 21, ബുധനാഴ്‌ച

മഴ തോർന്നൊരു സായാഹ്നത്തിൽ ............
-----------------------=============
   വെറുമൊരു വാക്ക്..... പീറ്റർ വെറുതെ പറഞ്ഞ ഒന്ന്.... പെട്ടെന്നെനിക്കു വല്ലാതെ തോന്നി. മുൻപിലിരുന്ന ഫയലിൽ വെറുതെ നോക്കി കുറച്ചു നേരം ഞാനിരുന്നു. അവൻ അപ്പോഴേക്കും വേറെയെന്തോ ജോലിയിൽ മുഴുകിയിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാനായില്ല. മേശയുടെ വലിപ്പു ഒന്നു വെറുതെ തുറന്നടച്ചു. പെട്ടെന്നെനിക്കു സങ്കടം വന്നു. കരച്ചിൽ വന്ന് തൊണ്ടയിൽ മുട്ടി. അപ്രതീക്ഷിതമായി പുറത്ത് ജനലിനപ്പുറം മഴ പെയ്യാൻ തുടങ്ങി. ഞാൻ കസേര കുറച്ചുകൂടി വലിച്ചു നീക്കിയിട്ടു. മുൻപിലിരുന്ന  ശൂന്യമായ പേപ്പറിൽ ഒന്നു വരച്ചു.----വീണ്ടും വരച്ചു.... അടുത്ത് എന്തോ ഫലിതത്തിന്റെ ബാക്കിയായി ഒരു ചിരിയുയർന്നു. എന്റെ മുമ്പിലുള്ള പേപ്പറിൽ പതിനൊന്നു വശങ്ങളുള്ള ഒരു ജ്യാമിതീയ രൂപമായിരുന്നപ്പോൾ. പതിനൊന്നു വശങ്ങളുള്ളതിനു എന്താ പേർ പറയുക ?പെട്ടെന്ന് പഴയ ഗണിതശാസ്ത്ര ക്ലാസ്സുകൾ ഓർത്തുപോയി. പണിക്കര് സാറായിരുന്നു, ഞങ്ങൾക്കന്ന് ജിയോമെട്രി എടുത്തിരുന്നത്. സാറിന് ശ്വാസകോശത്തിൽ കാൻസറായിരുന്നു. ഞങ്ങൾ പക്ഷേ അതറിഞ്ഞിരുന്നില്ല. വളരെ ചെറിയ ശബ്ദത്തിൽ സാർ ക്ളാസ്സെടുത്തപ്പോൾ പിൻ ബെഞ്ചിലിരുന്നു ആൺകുട്ടികൾ ബഹളമുണ്ടാക്കി. പലപ്പോഴും തുടർന്ന് പറയാനാവാതെ സാർ നിർത്തി. മുൻപും നീണ്ടചുമയുടെ അന്ത്യത്തിൽ സാർ ക്ലാസ്സു നിർത്തി ഇറങ്ങിപ്പോകാറുണ്ടായിരുന്നു. നോട്ടു പറഞ്ഞു തന്നപ്പോൾ 'കേൾക്കാൻ വയ്യാ.. "എന്നു ഞങ്ങൾ ഒച്ചയെടുക്കവേ തിരിഞ്ഞു ബോർഡിലെഴുതാൻ തുടങ്ങിയ സാർ ചോക്കുപൊടി ശ്വസിച്ചു ശബ്ദത്തോടെ ചുമച്ചു. ഏറെ വൈകി സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ്, ഞങ്ങളതറിയുന്നത്.
                      ഇപ്പോൾ പുറത്തു മഴ കനത്തു പെയ്യുകയാണ്. ദൂരെ കുന്നിൻ മുകളിൽ ആകെ നനഞ്ഞുലഞ്ഞു നിൽക്കുന്ന കാറ്റാടിത്തലപ്പ്‌ എനിക്ക് മഴയിലൂടെ കാണാം. താഴെ കറുത്ത പാതയിൽ ശബ്ദമില്ലാതെ മഴസൂചികൾ സ്ഫടികത്തുണ്ടുകൾ പോലെ വീണു തകരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായതിനാൽ ആവശ്യത്തിലധികം വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ ഓരോ തുണിക്കെട്ടുകളായി മഴയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ചെളിവെള്ളം തെറിപ്പിച്ചു കടന്നുപോയ ചുവന്ന ബസ്സ് അഞ്ചുമണിയായെന്നു ഓർമിപ്പിച്ചു  വീണ്ടും എനിക്ക് കരച്ചിൽ വന്നു പീറ്ററിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നു. അവൻ എപ്പോഴോ തന്നെ എഴുന്നേറ്റു പോയിക്കഴിഞ്ഞിരുന്നു.
                  എന്റെ വാടകവീടിന്റെ മുൻപിൽ എപ്പോഴും തിരക്കുള്ള നാട്ടുവഴി ആയതിനാൽ മുൻവശത്തെ വാതിൽ ഞാൻ തുറന്നിടാറില്ലായിരുന്നു. ഭിത്തിയിൽ ഒരു കോളിംഗ് ബെല്ലിന്റെ സ്വിച്ചും ഉണ്ടായിരുന്നില്ല. എന്റെ മുറിയുടെ മരജനാല തുറന്നുവച്ചാൽ എനിക്ക് മുൻവശത്തെ വഴിയുടെ തിരക്കുകൾ കാണാം. അങ്ങകലെ സായന്തനങ്ങളിൽ മാത്രം ചുവന്നു വരുന്ന നീല മലനിരകൾ കാണാം. ശൂന്യതയിലേക്കെന്നവണ്ണം ഒറ്റപ്പെട്ടു  തിളങ്ങുന്നൊരു കുരിശു കാണാം. സമൃദ്ധങ്ങളായ കാറ്റാടിമരത്തലപ്പുകൾ കാണാം.
ആ സായാഹ്നത്തിൽ മഴപെയ്തു തോർന്നുനിൽക്കുമ്പോൾ,പെട്ടെന്നൊരു നിമിഷം  വാതിലിൽ കേട്ട മുട്ട് എന്റെ തോന്നലാണൊന്നു പോലും സംശയിച്ചുപോയി. അടഞ്ഞ വാതിലിനപ്പുറം അത് അവനായിരിക്കുമെന്നു ഞാൻ കരുതിയേയില്ല. അപ്പോൾ കുളിച്ച് മുടിയാകെ വിടർത്തിയിട്ടിരിക്കയായിരുന്നു,ഞാൻ. കണ്ണുകൾ വിടർത്തി അവൻ പറഞ്ഞു,"നിന്നെ ഇങ്ങനെ കണ്ടിട്ട് അതിശയമായിരിക്കുന്നു !" വാതിൽപ്പാളിയിൽ നിന്ന് കയ്യെടുത്തുകൊണ്ടു ഞാൻ പറഞ്ഞു, "കടന്നു വരൂ ".  "നിന്റെ പണികളൊക്കെ കഴിഞ്ഞോ, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു... ",ഞാൻ നിശ്ശബ്ദം അവനെതിരെയിരുന്നു. മഴ കഴിഞ്ഞു സൂര്യൻ പ്രകാശിക്കാൻ തുടങ്ങിയിരുന്നു. സായാഹ്നവെളിച്ചം വാതിൽ കടന്നുവന്ന് ഞങ്ങളുടെ കാൽച്ചുവട്ടിൽ വീഴുന്നു. അവന്റെ കാലിലെ ഷൂവുകൾ പുറത്തഴിച്ചു വച്ചിരുന്നില്ല. എന്റെ നോട്ടം കാലുകളിൽ തടഞ്ഞതുകൊണ്ടാവണം,പെട്ടന്നവൻ പുറത്തു പോയി ചെരുപ്പുകളഴിച്ചുവച്ചു വന്നു. "നീ വീട് വളരെ വൃത്തിയാക്കി സൂക്ഷിക്കുന്നു,അല്ലേ".മുറിയിൽഞാൻ കഴിഞ്ഞ ദിവസം എടുത്തു വച്ച പൂക്കൾ വാടിയിരുന്നു. പിന്നെ ശബ്ദം താഴ്ത്തി രഹസ്യം പോലെ അവൻ ചോദിച്ചു,"നിന്റെ അമ്മയുടെ മുഖം ഓർമയിൽ സൂക്ഷിക്കാനാവുന്നുണ്ടോ,നിനക്ക് ?". ഒരു നിമിഷം,ഓർമകളുടെയും ഓർമക്കേടുകളുടേയും ലോകത്ത് തങ്ങി നിൽക്കാൻ ശ്രമിച്ചു ഞാൻ. അമ്മയ്ക്കു ചുവന്ന കല്ലുകൾ പതിച്ച കമ്മലുകളുണ്ടായിരുന്നു. ഓർമയിൽ എന്റെ വീടിനു നിറയെ പൂത്ത വള്ളികൾ പടർന്ന ഒരു വേലിക്കെട്ടുണ്ടായിരുന്നു. എന്റെ വീടുകൾക്ക് എന്നും വേലികളുണ്ടായിരുന്നു. എന്റെയീ വാടകവീടിന്റെ വേലിയിലും ശംഖുപുഷ്പം പടർന്നു പൂത്തിരിക്കുന്നു !വൈകുന്നേരങ്ങളിൽ തിരിച്ചു വരുമ്പോൾ വെറുതെ ചില കുഞ്ഞു സ്വപ്നങ്ങളുടെ ഓളങ്ങളിൽ മുങ്ങിപ്പൊങ്ങി പോരുക എന്റെ ശീലമായിരുന്നു. അങ്ങിനെയുള്ള എന്റെ സ്വപ്നങ്ങളിൽ ഒരു വീടുണ്ടായിരുന്നു. നിറയെ ചില്ലു ജനാലകളുള്ള പഴയ ഇരുനില വീട് പുഴയുടെ കരയിലായിരുന്നു !മുറ്റത്തു പടർന്നുനിന്ന മാവിനു ചുറ്റി ആ വീടിനുപോലും ഒരു വേലിയുണ്ടായിരുന്നു !.വേനലിന്റെ ചൂടിൽ മാവിന്റെ മറവിൽ പുഴയോരക്കാറ്റേറ്റ്......മഞ്ഞിന്റെ ഈർപ്പം മുറ്റുന്ന പ്രഭാതങ്ങളിൽ മുകളിലത്തെ വരാന്തയിലെ ചില്ലു ജാലകങ്ങളിൽ മുഖം ചേർത്ത്......
എപ്പോഴും സ്വപ്‌നങ്ങൾ പൂർത്തിയാകുംമുന്പെനിക്കു വീടെത്തുന്നു !
പീറ്ററെന്നോടു യാത്ര പറയുമ്പോൾ മാത്രമാണ് ഇരുളാൻ തുടങ്ങിയ വെളിച്ചത്തെ പറ്റി ഞാൻ ബോധവതിയായത്. വേലിക്കെട്ടിലെ ചെറിയ വാതിൽ തുറന്ന് വളവിനപ്പുറം അവൻ മറയുംവരെ ഞാൻ നോക്കിനിന്നു. പെട്ടെന്ന് മഴ വീണ്ടും തുടങ്ങുകയും ഞാൻ വാതിലടക്കുകയും ചെയ്തു.


2017 ജൂൺ 15, വ്യാഴാഴ്‌ച

പഴയൊരു മഴക്കാലം
--------------------------------

കുളത്തിൽ നിറയുന്ന പുതുവെള്ളത്തിൽ ത വളച്ചാട്ടങ്ങൾക്കിടയിലെ മുട്ടമാലകളിൽ കടുകുമണിപ്രതീക്ഷകൾ !
രാത്രിയിലെ കാറ്റത്ത് അടർന്നുവീണ പ്ലാവിൻ തലർപ്പിൽ ആട്ടിൻകുട്ടിയുടെ നാവ് മധുരം ചേരുന്നു !
പാടത്തെ ഇളംപച്ച പുല്ലിൻ സമൃദ്ധിയിൽ കുട്ടിക്കിടാവിന്റെ കൌതുകം നിറഞ്ഞ കണ്ണുകളും കരകര നാവിന്റെ വിശപ്പും ചേരുന്നു !,മഴസമൃദ്ധിയിൽ രൂപപ്പെട്ട കുഞ്ഞൻ തോട്ടിലെ തെളിവെള്ളത്തിൽ കഴുകിവാരുന്ന പുല്ലിൻ കടയിലെ മണ്ണ് ഒലിച്ചകന്നു.ചിറകെട്ടി നിർത്തുന്ന തെളിനീരൊഴുക്കിൽ പുന്നെല്ലരിച്ചോറു പോലെ ശുദ്ധമായ മണൽ !  കയ്യാലകളിലെ വേരിൻ തണുപ്പിന്റെ ശുദ്ധിയിൽ തണുവറിയുന്ന കണ്ണുകൾ !തിമിർത്ത മഴയിൽ റബ്ബർ തോട്ടങ്ങൾക്കു നടുവിലൂടെ ഏകാന്തമായ വഴികളിൽ ഉച്ചത്തിൽ പാട്ടു പാടി വെള്ളം തെറിപ്പിച്ചു നടന്നുപോയപ്പോൾ നിവർത്തിയ കുടകൊണ്ടു മറയ്ക്കാൻ ശ്രമിച്ചത്‌ കുതിച്ചുപുറത്തു ചാടിപ്പോയ സ്വന്തം മനസ്സിനെ മാത്രമായിരുന്നു !

2017 മേയ് 29, തിങ്കളാഴ്‌ച

പരിത്യക്തയുടെ ഹൃദയത്തിന്റെ ഭാരം !
കണ്ണീരിന്റെ ഗാഢത !
വിഷം തുപ്പുന്ന വായയുടെ മൂർച്ചയിൽ, കഴിഞ്ഞ ഋതുക്കൾ ഒളിപ്പിച്ചു വച്ച വൃണത്തിൽ വേദന കിനിയുമ്പോൾ.......
മിന്നൽപ്പിണരിന്റെ തീവ്രതയിൽ
അമ്മനാവ് അഗ്നി വർഷിക്കുമ്പോൾ.......
ഈ മഴക്കാലം ദുഖങ്ങളുടെ പെയ്ത്തുകാലമാകുന്നു !



2017 മേയ് 27, ശനിയാഴ്‌ച

എന്റെയുള്ളിൽ നിറയെപൂത്തുനിൽക്കുന്നൊരു മരമുണ്ടിപ്പോൾ. പ്രണയം നഷ്ടപ്പെട്ട വാക്കുകളാൽ നീയാ പൂവുകൾ കൊഴിച്ചു കളയരുതേ...
കുറച്ചുനാൾകൂടി അവ അങ്ങിനെ തീജ്വാല്ല ഉയർത്തട്ടെ !
ആദ്യത്തെ വേനൽമഴയിൽ പുതുമണ്ണിന്റെ ഗന്ധമുയരുന്ന മണ്ണിൽ വീണവ ജന്മം പൂർത്തീകരിക്കട്ടെ !
 അതുവരെ ----അതുവരെ ----ഈ വസന്തത്തെ കൊഴിക്കുന്ന കാറ്റാവരുതേ നിന്റെ വാക്കുകൾ !
നിന്റെ കണ്ണിലെ പ്രണയത്താൽ ശേഷിക്കുന്ന മൊട്ടുകൾകൂടി വിടരട്ടെ !
ദയവു ചെയ്തു പ്രണയം നഷ്ടപ്പെട്ട വാക്കുകൾ നീ ചൊരിയരുതേ !

2017 മേയ് 21, ഞായറാഴ്‌ച

മൗനം ഉറഞ്ഞ പകലിൽ
-------------------------------------

മൗനം ഉറഞ്ഞുതീർന്നതു പോലൊരു പകൽ. കാറ്റില്ല ----വെയിലില്ല ----ഒരൊറ്റ നിൽപ്പാണ്. കാലത്തിന്റെ നരച്ച മുഖം പോലെ. വന്നു കടന്നുപോകുന്ന മണിക്കൂറുകൾ സ്പർശിക്കുന്നേയില്ല. ചീവീടുകളുടെ സംഗീതം നിശ്ശബ്ദതയ്ക്ക് ആഴമേറ്റിയതേയുള്ളൂ. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു മഴസമൃദ്ധിയിലേക്ക് മനസ്സിനെ എത്തിച്ച മൗനം. വറുതിയും സ്നേഹവും പാലൂട്ടി വളർത്തിയ മഴക്കാലം.

                 പനയോലയിറയിൽനിന്നു കർക്കിടകപ്പെയ്ത്ത് ചാലുകളായി വീണുകൊണ്ടിരുന്നു. അറപ്പുരയെ അടുക്കളപ്പുരയോട് ചേർത്തിരുന്ന നാകപ്പാത്തിയിൽ നിന്ന് കുതിച്ചു ചാടിയിരുന്ന മഴവെള്ളം അദൃശ്യമായ എന്തിനെയോ കയ്യെത്തിപ്പിടിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. നാകപ്പാത്തി കൂട്ടിയോജിപ്പിച്ചിരുന്ന വിശാലമായ താളത്തിലായിരുന്നു, കുഞ്ഞുങ്ങൾക്ക്‌ തൊട്ടിലുകൾ കെട്ടിയിരുന്നത്. തായ്പ്പുരയുടെ പരുക്കൻ തിണ്ണയോട് ചാണകം മെഴുകിയ അടുക്കളപ്പുരയുടെ ഇറയം ചേർന്നിരുന്ന തളത്തിലെ തൊട്ടിലിൽ കിടക്കുമ്പോൾ മുലപ്പാൽ പുളിച്ചുതികട്ടിയത് ഓർമയുണ്ട്.