2018, സെപ്റ്റംബർ 26, ബുധനാഴ്‌ച

 ഒരു ദിവസം !
**************
                 ഒരു ദിവസം എന്തൊക്കെ ആഘാതങ്ങലേൽപ്പിച്ചാണൊന്ന് കറങ്ങി തീരുക !
രാവിലെ ഓഫീസിൽ മരണാനന്തര ക്ലയിമിന്റെ അന്വേഷണത്തിന് ഒരു രണ്ടുവയസ്സുകാരനെയും തോളത്തിട്ടു മുന്നിൽ വന്ന പെൺകുട്ടി! കണ്ണുകളിൽ അഗാധ കദനമല്ല.ആയുധം നഷ്ടപ്പെട്ട ഒരു പോരാളിയുടെ ഭാവം. സിന്ദൂരമണിയാത്ത നെറ്റിത്തടം. മേൽക്കാതു കുത്തി ഇട്ടിരിക്കുന്ന രണ്ടു കുഞ്ഞിക്കമ്മലുകൾ, താനൊരിക്കൽ സുന്ദരിയാവാൻ ശ്രമിച്ചിരുന്നതിനെ ഓർമിപ്പിച്ചു. സംശയരോഗമായിരുന്നുവത്രെ ഭർത്താവിന്. മദ്യപാനവും ദേഹോപദ്രവങ്ങളും ഏറിയപ്പോൾ രണ്ടു വീട്ടുകാരുടെയും അഭിപ്രായത്തിൽ അവൾ ചെറിയകുഞ്ഞുമായി സ്വന്തം വീട്ടിൽ നിന്നു. ചെറിയവനേക്കാൾ പ്രായത്തിൽ കുറച്ചു കൂടുതൽ മൂത്തവൻ  അച്ഛനൊപ്പവും.

വീണ്ടും ഫോൺ വിളികളും വഴക്കുകളും... ഒടുവിൽ വീട്ടുകാർകൂടി പറഞ്ഞ് അവൾ ഫോൺ എടുക്കാതെയായി. അങ്ങിനെ എടുക്കാത്ത ഒരു ഫോൺ വിളിയുടെ അന്ത്യത്തിൽ ആയാൾ  സ്വയം കെട്ടിത്തൂങ്ങി. അമ്മ ഫോൺ  എടുക്കാഞ്ഞല്ലേ അച്ഛൻ അങ്ങിനെ ചെയ്തതെന്ന് മകൻ ഒടുങ്ങാത്ത പകയിലും ദേഷ്യത്തിലും.
കല്യാണത്തിനു മുൻപ് എനിക്കൊരു ഇഷ്ടമുണ്ടായിരുന്നതാ മാഡം, ഇങ്ങേരുടെ കൂടെ കൂടിയിട്ട് പിന്നിതുവരെ ഞാനങ്ങനെ വിചാരിച്ചിട്ടു കൂടിയില്ല, എന്ന് പ്രണയവും,പ്രമേയവും നഷ്ടപ്പെട്ടവൾ എനിക്കുമുൻപിൽ കരയാതെ നിന്നു.
**********************************

         ജനനത്താൽ വൈകല്യം ബാധിച്ച മകനെ വളർച്ചയുടെ പടവുകളിൽ വലിച്ചുകയറ്റാൻ ആയാസപ്പെട്ടിരുന്ന ഗിരിജ. എൻ്റെ മകൾ പിറന്ന കാലത്താണ് ഗിരിജയ്ക്കും കുഞ്ഞുണ്ടായത്. ഓരോ കണ്ടുമുട്ടലുകളിലും "മോൾ കമഴ്‌ന്നുവോ, ഇരുന്നോ, പിച്ചവച്ചോ "എന്നൊക്കെ തിരക്കികൊണ്ടിരുന്നു ഗിരിജ. അവൻ എല്ലാറ്റിനും പിന്നിലായിരുന്നു.കിലോമീറ്ററുകൾ അകലെ മെഡിക്കൽ കോളേജിൽ  ഫിസിയോതെറാപ്പിക്ക് നിത്യേന അവനെ എത്തിച്ച എത്ര കാലങ്ങൾ !മുതിർന്നപ്പോൾ ഞങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ അവനെയും കൂട്ടി. പത്താം തരം പരീക്ഷയ്ക്ക് അവനെ ഇരുത്താൻ എത്ര വാതിലുകൾ കയറിയിറങ്ങി ! ഒരിക്കലും ഒരു സഹായമാവാതിരുന്ന ഭർത്താവ് പക്ഷേ അടുത്തിടെ  മസ്തിഷ്ക ആഘാതത്താൽ കിടപ്പിലായി ഗിരിജയെ തോൽപ്പിച്ചുകളഞ്ഞു.
എന്താണീയിടെ കാണാതേ എന്ന ചോദ്യത്തിന് മുൻപിൽ കണ്ണീരായി മാറി ഗിരിജ. അവൻ ഈയിടെയായി വല്ലാതെ ബഹളം വയ്ക്കുന്നു. അക്രമാസക്തനാകുന്നു.ഇളയവന് പഠിക്കാനാവുന്നില്ല  ഇത്തരം കുട്ടികളെ നോക്കുന്ന  കേന്ദ്രങ്ങളെക്കുറിച്ച് പലതവണ അന്വേഷിച്ചു. "എവിടെയെങ്കിലും ആക്കാമെന്നു വച്ചാൽ, അവനെ കാണാതെ എനിക്കു വയ്യ.... "എന്ന് ഉരുകിയൊലിക്കുന്നു, മാതൃഹൃദയം !
******************************************

സ്വന്തം ടീച്ചറിനൊപ്പം
 കാണാതെ പോയ പത്താം ക്ലാസ്സു കാരന്റെ അമ്മയുടെ കണ്ണീരിലാണ് ഇന്നത്തെ ദിവസം
 കറങ്ങി എത്തിയത്.
ഒരു ദിവസത്തെ സമ്പന്നമോ ദരിദ്രമോ ആക്കുന്ന എത്രയെത്ര.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ