2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ജലാധിപത്യം !

ഇത്തവണ വന്നുവിളിക്കുകയായിരുന്നില്ല,  നേരെ കടന്നുകയറി ആധിപത്യം ഉറപ്പിക്കയായിരുന്നു .ഞങ്ങൾ നിരുപാധികം ഒഴിഞ്ഞുകൊടുത്തു. കറുത്തിരുണ്ട് വല്ലാത്തൊരു ഭാവത്തോടെ ജലം എങ്ങും നിറഞ്ഞുകൊണ്ടേയിരുന്നു ,ഞങ്ങൾ ഇറങ്ങുമ്പോൾ. ആ പ്രഭാതത്തിൽ കൃത്യമായി പറഞ്ഞാൽ 2018  ആഗസ്റ്റ് മാസം 16-നു രാവിലെ ഗേറ്റിനു വെളിയിൽ പുഴ എത്തിയത് നാട്ടുവെളിച്ചത്തിൽ ഒരു തിളക്കം പോലെ കണ്ടറിഞ്ഞത് ഏറെ കൗതുകത്തോടെ ആയിരുന്നു. കായൽ അണയാറായ മൂവാറ്റുപുഴയാറിനെ വഴി തടഞ്ഞു രണ്ടായി പിരിച്ച് കുറച്ച് ചുറ്റിവളച്ചു ഒഴുക്കി വിട്ട ഇടവട്ടമെന്ന ഈ കരപ്രദേശം അതുകൊണ്ട് തന്നെ രണ്ടു പുഴകളുടെ ഇടയിലെ തുരുത്തുപോലെ ആണെന്നു പറയാം .ഈ നാട്ടുകാരിയായി മാറി രണ്ടു പതിറ്റാണ്ടിൽ കൂടുതൽ കഴിഞ്ഞിട്ടും രണ്ടു പ്രാവശ്യം മാത്രമേ വെള്ളപ്പൊക്കം എന്നത് കണ്ടനുഭവിച്ചിട്ടുള്ളൂ എന്നതിനാലാണ് അങ്ങനെയൊരു കൗതുകം നില നിന്നത്. എന്നാൽ പടിയുടെ ഉയരം കയറിയിറങ്ങി മുറ്റം നിറയാൻ അധിസമയം എടുത്തില്ല. അതൊരു അത്ഭുതമായി. അന്ന് സന്ധ്യ നേരത്ത് വീട്ടിൽ ഞാൻ മാത്രമുണ്ടായിരുന്ന ഇരുട്ടിലേക്ക് പൂമുഖ വാതലിന്റെ പടിയ്ക്കടി വഴി മഞ്ഞ നിറത്തിൽ പ്രളയജലം വെളുത്ത തറയിലേക്ക് പരന്നു തുടങ്ങി. പിന്നെ വളരെ പെട്ടെന്ന് ഉള്ളാകെ നിറഞ്ഞു. ഇതിനിടയിൽ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മാറിമാറി ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. ടിവിയിൽ കണ്ടുകൊണ്ടിരുന്ന മഹാപ്രളയ ദൃശ്യങ്ങൾ എല്ലാവരെയും ഭയചകിതരാക്കിയിരുന്നു, എന്നു വേണം പറയാൻ .എല്ലാവരും ആവർത്തിച്ച്‌ ഞങ്ങളോട് വീടുവിടാൻ പറഞ്ഞുകൊണ്ടേയിരുന്നു. ആ രാത്രി ഏറെ വൈകി മുകളിലത്തെ മുറിയിൽ ഉറങ്ങാൻ കിടന്നു. വസ്തുവകകൾ എല്ലാം മുകൾ നിലയിലേക്ക്സുരക്ഷിതമായി  മാറ്റിയ ശ്രമകരമായ അധ്വാനത്തിനു ശേഷവും ഉറക്കം പക്ഷേ അകലെ നിന്നു. വെളിച്ചമില്ല .എങ്ങും ഇരുട്ട് .. വീടിനു മുൻപിലത്തെ ജലവഴികളിലൂടെ പലായനത്തിന്റെ ശബ്ദഘോഷങ്ങൾ കേട്ടുകൊണ്ടേയിരുന്നു .ഇടക്കെഴുന്നേറ്റു താഴേക്കു ടോർച്ചടിച്ചു നോക്കുമ്പോൾ കറുത്ത വെള്ളം മുകളിലേക്ക് ഉയർന്നുകൊണ്ടേയിരിക്കുന്നു .അതൊരു വല്ലാത്ത രാത്രിയായിപ്പോയി .പിന്നെ വെളുത്ത്‌ ഞങ്ങൾ ഇറങ്ങുകയായിരുന്നു ചിങ്ങം ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ മുറ്റത്തെ അരയയൊപ്പം വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ രണ്ടു മണിക്കൂർ എടുത്ത ആ ജലയാത്രയെക്കുറിച്ചു തീരെ തന്നെ സങ്കല്പങ്ങൾ തെളിഞ്ഞിരുന്നില്ല .ഒഴുക്കിനെതിരെ പുഴയുടെ നേർക്കു നടന്നു ,പുഴയോരത്തു കൂടിയുള്ള വഴിയേ അരയൊപ്പം വെള്ളത്തിൽ നടക്കുക ഏറെ ശ്രമകരമായിരുന്നു. നടന്നിട്ടും തീരാതെ ജലപാതകൾ !എവിടെയാണ് ജലം ഒഴിഞ്ഞൊരു കര? അവസാനം പാലത്തിനു മുകളിൽ കര തൊടുമ്പോൾ പരിക്ഷീണിതരായിരുന്നു. പാലത്തിൽ നിന്നുനോക്കുമ്പോൾ എങ്ങും പ്രളയജലം മാത്രം  രൗദ്ര ഭീമനെപ്പോലെ മുവാറ്റുപുഴയാർ !ചുറ്റുമുള്ള എല്ലാ ചെറുവഴികളിലൂടെയും നടന്നും നീന്തിയും വള്ളത്തിലുമായി ചെറിയ ചെറിയ ഭാണ്ഡങ്ങൾ പേറിയ അഭയാത്രി പ്രവാഹങ്ങൾ !അവരിലൊരാളായി ,അതിലലിഞ്ഞു ഞങ്ങളും !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ